+971 2 6424488info@kmccabudhabi.org

About Us

ഇന്ത്യയിലെ ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗത്തിന്‍റെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനുമായി വർത്തിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്‍റെ പോഷക സംഘടനയാണ് പ്രവാസ രംഗത്തുള്ള  കേരള മുസ്ലിം കൾച്ചറൽ സെന്‍റെർ. അഥവാ കെ.എം.സി.സി.    ലോകത്തെങ്ങു മുള്ള പ്രവാസി  മലയാളികൾക്കിടയിൽ  ശക്തമായ വേരോട്ടമുള്ള  കെ.എം.സി.സി  പ്രവാസികൾക്കിടയിൽ വ്യത്യസ്ത മേഖലകളിലൂടെ  സജീവമായി  ഇടപെട്ടു  പ്രവർത്തിക്കുന്നു.

മുഖ്യമായും ജീവകാരുണ്യത്തിനു ഊന്നൽ നൽകി വർത്തിക്കുന്നതോടൊപ്പം വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക രംഗത്തും സജീവമായി ലോകത്തെങ്ങുമുള്ള കെഎംസിസി ഘടകങ്ങൾ ശ്ലാഘനീയ പ്രവർത്തങ്ങൾ നടത്തിവരുന്നു. ഭവന രഹിതർക്കു വീടുകൾ വെച്ച് നൽകിയും പാവങ്ങൾക്ക് ചികിത്സ ചിലവ് ലഭ്യമാക്കിയും നിർധനർക്ക് വിവാഹ സഹായമെത്തിച്ചും മലയാളി മനസ്സിൽ കൂട്ടായ്മയുടെ നന്മമുഖമായി കെഎംസിസി കുടികൊള്ളുന്നു. പഠനത്തിൽ മികവ് പുലർത്തുന്നവർക്കു പ്രോത്സാഹനമേകിയും ,പ്രവാസ മനസ്സിൽ പൊതുവിദ്യാഭ്യാസത്തിനു കൂടുതൽ പ്രചാരണം നൽകിയും കെഎംസിസി പ്രവർത്തിക്കുന്നു. കലാ-സാഹിത്യ - കായിക- സാംസ്‌കാരിക രംഗത്ത് സംഘടന നടത്തിക്കൊണ്ടിരിക്കുന്ന എണ്ണമറ്റ സർഗ്ഗാത്മക പ്രവർത്തികൾ പ്രവാസികൾ ഏറെ ആസ്വദിക്കുന്നു. ഗൾഫ് രാഷ്ട്രങ്ങളിലാണ് കെഎംസിസി യുടെ ജനകീയ പങ്കാളിത്തം ഏറെയുള്ളത്. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് നമ്മുടെ നാടിന്‍റെ സ്വപ്നങ്ങൾക്ക് ചിറകു നൽകിയത്. വിശിഷ്യാ യുഎഇ യോടുള്ള പ്രവാസിഇന്ത്യക്കാരുടെ നന്ദിയും കടപ്പാടും മനം നിറയെയുണ്ട്. ഈ രാജ്യത്തിന്‍റെ ആഘോഷങ്ങൾ എല്ലാ വർഷവും അതിമനോഹരമായി ആഘോഷിക്കുക എന്നതും കെഎംസിസി യുടെ മുഖ്യ പ്രവർത്തനമാണ്. രാജ്യ നിയമങ്ങളെ കുറിച്ച് സമയ സമയം ബോധവാന്മാരാക്കിയും ,പ്രവാസജീവിതത്തിലെ പ്രയാസങ്ങളിൽ താങ്ങായും കെഎംസിസി പ്രവർത്തിക്കുന്നു. അബുദാബി കെഎംസിസി കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി മുഴുവൻ പ്രവാസി ഇന്ത്യക്കാരനും ,വിശിഷ്യാ മലയാളിക്ക് സുപരിചിതമാണ്. സക്രിയമായി ഇടപെടുന്ന ഈ കൂട്ടായ്മക്ക് സമൂഹത്തിനായ് ഇനിയും ധാരാളം ചെയ്യുവാനുണ്ട്. സഹായവും സഹകരണവും തേടുന്നവർക്ക് വേണ്ടി ജീവിതത്തിൽ അൽപനേരം മാറ്റിവെക്കുമ്പോൾ ലഭിക്കുന്ന നിർവൃതി വാക്കുകൾക്കതീതമത്രെ..